വലൻസിയക്കെതിരായ വിവാദ മത്സരത്തിന് ശേഷം റയൽ മാഡ്രിഡ് ലാ ലിഗയിൽ ഇന്ന് വീണ്ടും ഇറങ്ങുകയാണ്.
ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിക്ക് റയോ വയ്യക്കാനോവിനെതിരെ സാന്റിയാഗോ ബെർണബുവിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ വംശീയ അധിക്ഷേപത്തിന് ഇരയായ സൂപ്പർ താരം വിനീഷ്യസ് ഇന്ന് ഇറങ്ങുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
വലൻസിയക്കെതിരായ മത്സരത്തിൽ റെഡ് കാർഡ് കിട്ടിയതിനെ തുടർന്ന് വിനീഷ്യസിനെ ഇന്നത്തെ മത്സരത്തിനുള്ള റയൽ മാഡ്രിഡ് സ്ക്വാഡിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, വിനീഷ്യസിന്റെ റെഡ് കാർഡ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പിൻവലിച്ചതിനാൽ താരത്തിന്റെ വിലക്കും നീങ്ങിയിരുന്നു.
ഈ സാഹചര്യത്തിൽ വിനിയെ വേണമെങ്കിൽ റയൽ മാഡ്രിഡിന് ഇന്ന് സ്ക്വാഡിൽ ഉൾപ്പെടുത്താം. എന്നാൽ, ബ്രസീലിയൻ സൂപ്പർ താരം റയോ വയ്യക്കാനോക്കെതിരെ ഇന്ന് കളിക്കില്ലെന്നാണ് റിപ്പോർട്ട്. പ്രമുഖ ഫുട്ബോൾ മാധ്യമമായ അത്ലറ്റിക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
പരിക്ക് കാരണമാണ് വിനീഷ്യസ് ഇന്ന് കളിക്കാത്തതെന്നാണ് അത്ലറ്റിക് പറയുന്നത്. ഇടത് കാൽമുട്ടിന് നേരിയ പരിക്കുള്ള താരം ചികിത്സയിലാണെന്നാണ് വാർത്ത. ശനിയാഴ്ച സെവിയ്യക്കെതിരെ നടക്കുന്ന ലാ ലിഗയിലെ അടുത്ത മത്സരത്തിലും വിനീഷ്യസ് കളിക്കാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്.
ലാ ലിഗയിലെ ഈ സീസണിലെ റയലിന്റെ അവസാന മത്സരം ജൂൺ 4ന് അത്ലറ്റിക് ക്ലബ്ബിനെതിരെയാണ്. സീസണിലെ അവസാന മത്സരത്തിൽ സൂപ്പർ താരം വിനീഷ്യസ് ലോസ് ബ്ലാങ്കോസിനായി ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ലാ ലിഗയിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള കാർലോ ആൻസലോട്ടിയുടെ ടീമിന് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്.
നിലവിൽ 35 മത്സരങ്ങളിൽ നിന്ന് 71 പോയിന്റാണ് റയൽ മാഡ്രിനുള്ളത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 72 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് രണ്ടാമത്. 36 മത്സരങ്ങളിൽ നിന്ന് 85 പോയിന്റുള്ള ബാഴ്സലോണ നേരത്തെ തന്നെ കിരീടം സ്വന്തമാക്കിയിരുന്നു. ലീഗിൽ പതിനൊന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമാണ് റയൽ മാഡ്രിഡിന്റെ ഇന്നത്തെ എതിരാളികളായ റയോ വയ്യക്കാനോ.
Discussion about this post