2024ലെ സമ്മർ ട്രാൻസ്ഫറിൽ ലോക ഫുട്ബോളിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളെ ടീമിൽ എത്തിക്കാൻ റയൽ മാഡ്രിഡ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. അടുത്ത വർഷം കിലിയൻ എംബാപ്പെയെയോ ഏർലിംഗ് ഹാലണ്ടിനെയോ സൈൻ ചെയ്യാനാണ് റയലിന്റെ ലക്ഷ്യം. റയൽ മാഡ്രിഡ് സോഴ്സിനെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമമായ ലെക്വിപ്പാണ് ഈ വാർത്ത നൽകിയിരിക്കുന്നത്.
ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള എംബാപ്പെയുടെ കരാർ 2024ലെ സമ്മറിൽ അവസാനിക്കും. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള വ്യവസ്ഥ ഉണ്ടെങ്കിലും താരം പിഎസ്ജിയിൽ തുടരില്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ എംബാപ്പെ ഫ്രീ ഏജന്റായിരിക്കുമെന്നതാണ് റയലിനെ ആകർഷിക്കുന്ന ഘടകം.
എന്നാൽ, എംബാപ്പെ റയൽ മാഡ്രിഡിന് വേണ്ടി കളിക്കാൻ തയ്യാറായാൽ താരം വേതനം കുറയ്ക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. അത് മാത്രമല്ല, ലെഫ്റ്റ് വിങ് പൊസിഷനിൽ സൂപ്പർ താരം വിനീഷ്യസിന്റെ സാന്നിധ്യമുള്ളതിനാൽ റയലിൽ എത്തിയാൽ എംബാപ്പെ സെന്റർ ഫോർവേഡിന്റെ റോൾ ഏറ്റെടുക്കേണ്ടി വരും. പിഎസ്ജിയിൽ ലെഫ്റ്റ് വിംഗറായാണ്
ഫ്രഞ്ച് താരം കളിക്കുന്നത്.
അതേസമയം, മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ഏർലിംഗ് ഹാലണ്ടിനെയും റയൽ നോട്ടമിടുന്നതായാണ് ലെക്വിപ്പ് അവകാശപ്പെടുന്നത്. വെറ്ററൻ സ്ട്രൈക്കർ കരീം ബെൻസിമ ഒരു സീസൺ കൂടി റയൽ മാഡ്രിഡിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. 2024ലെ സമ്മറിൽ ബെൻസിമ ക്ലബ് വിടുമ്പോൾ പകരം കൊണ്ടുവരാൻ പറ്റിയ ഏറ്റവും മികച്ച ഓപ്ഷനായാണ് ഹാലണ്ടിനെ ലോസ് ബ്ലാങ്കോസ് കാണുന്നത്. എന്തായാലും, ഈ
രണ്ട് സൂപ്പർ താരങ്ങളിൽ ഒരാൾ ഭാവിയിൽ റയൽ മാഡ്രിഡിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഫുട്ബോൾ ആരാധകരിൽ അധികവും.
എംബാപ്പെയാണോ, ഹാലണ്ടാണോ റയൽ മാഡ്രിഡിന് ഏറ്റവും ഉചിതമായ താരം. എന്താണ് നിങ്ങളുടെ അഭിപ്രായം?
Discussion about this post