ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടെങ്കിലും ഗ്വാർഡിയോളയുടെ ടീമും ബയേൺ മ്യൂണിക്കും തമ്മിൽ മികവിന്റെ കാര്യത്തിൽ പറയത്തക്ക വ്യത്യാസമില്ലെന്ന് കോച്ച് തോമസ് ടുക്കൽ. ബയേൺ മ്യൂണിക്കുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്ന ഫുട്ബോൾ പോർട്ടലായ എസ്ബി നേഷനോട് സംസാരിക്കുമ്പോഴാണ് ടുക്കൽ തന്റെ ടീമിന്റെ മികവ് എടുത്ത് പറഞ്ഞത്.
മാഞ്ചസ്റ്റർ സിറ്റി ബയേൺ മ്യൂണിക്കിനേക്കാൾ മികച്ച ടീമാണെന്ന രീതിയിൽ നടക്കുന്ന ചർച്ചകൾ ശുദ്ധ അസംബന്ധമാണ്. ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം എല്ലാവരും കരുതുന്നതിനേക്കാൾ എത്രയോ നേർത്തതാണെന്നും ബയേൺ കോച്ച് അവകാശപ്പെട്ടു.
“രണ്ട് പാദങ്ങളിലായി നടന്ന ക്വാർട്ടർ മത്സരങ്ങൾ ഞാൻ കൃത്യമായി പഠിച്ച് വിലയിരുത്തിയിരുന്നു. സ്‌കോർ ബോർഡിൽ കണ്ടതിനേക്കാൾ എത്രയോ ചെറുതായിരുന്നു രണ്ട് ടീമുകളും തമ്മിൽ വ്യത്യാസം. രണ്ട് ലെഗുകളിലും സിറ്റിയെ ഞങ്ങൾ മുൾമുനയിൽ നിർത്തിയെന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്.” ടുക്കൽ പറഞ്ഞു.
“മാഞ്ചസ്റ്റർ സിറ്റിയുമായി ബയേൺ മ്യൂണിക്ക് മികച്ച രീതിയിൽ തന്നെ പോരാടി എന്നാണ് ഞാൻ കരുതുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിൽ ഞങ്ങൾ നാണിക്കേണ്ട ആവശ്യമില്ല. പക്ഷെ, തോൽവി ഞങ്ങളെ വല്ലാതെ അലട്ടി.” ബയേൺ പരിശീലകൻ വ്യക്തമാക്കി.
ബയേൺ മ്യൂണിക്കിനെ ക്വാർട്ടറിലെ ഇരു പാദങ്ങളിലുമായി 4-1ന്റെ അഗ്രിഗേറ്റ് സ്‌കോറിനാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. എത്തിഹാദിൽ അരങ്ങേറിയ ആദ്യപാദ ക്വാർട്ടർ മാഞ്ചസ്റ്റർ സിറ്റി 3-0ത്തിന് ജയിച്ചിരുന്നു. മ്യൂണിക്കിൽ നടന്ന നിർണായകമായ രണ്ടാം പാദ ക്വാർട്ടർ 1-1ന് സമനിലയിൽ അവസാനിക്കുകയായിരുന്നു.
Discussion about this post