ഒടുവിൽ തെറ്റ് തിരുത്തൽ നടപടികളുമായി ലാ ലിഗ. സെവിയ്യക്കെതിരായ മത്സരത്തിൽ റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസിന് നൽകിയ ചുവപ്പ് കാർഡ് പിൻവലിച്ചു. ഇതോടെ വിനീഷ്യസിന് രണ്ട് മത്സരങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് ഒഴിവാകും. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനാണ് റെഡ് കാർഡ് പിൻവലിച്ച കാര്യം അറിയിച്ചത്.
വിനീഷ്യസിനെതിരായ തീരുമാനം തികച്ചും ഏകപക്ഷീയമാണെന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ കോമ്പറ്റീഷൻ കമ്മിറ്റി കണ്ടെത്തി. വീഡിയോ അസിസ്റ്റന്റ് റഫറി നൽകിയ ദൃശ്യങ്ങൾ ഭാഗികവും പക്ഷപാതപരവുമാണ്. മുഴുവൻ ദൃശ്യങ്ങളും റഫറിക്ക് നൽകാത്തത് ഗുരുതര പിഴവാണെന്നും കമ്മിറ്റി കണ്ടെത്തി. അക്രമത്തിന് ഇരയായ ആളെ അക്രമിയാക്കി മാറ്റാനാണ് ശ്രമം ഉണ്ടായതെന്നും വിനിയുടെ റെഡ് കാർഡ് പിൻവലിച്ച വിദഗ്ധ സമിതി വിലയിരുത്തി.
മത്സരം നടന്ന മെസ്റ്റയ്യ സ്റ്റേഡിയത്തിന് എതിരെയും വലൻസിയ ക്ലബ്ബിനെതിരെയും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ നടപടി ഉണ്ടാകും. വലൻസിയ ക്ലബ്ബിന് 45,000 യൂറോയുടെ പിഴ ശിക്ഷ വിധിച്ചു. വിനീഷ്യസിനെതിരെ രൂക്ഷമായ വംശീയ അധിക്ഷേപം നടന്ന വലൻസിയയുടെ സ്റ്റേഡിയത്തിന്റെ സൗത്ത് സ്റ്റാൻഡ് അടുത്ത അഞ്ച് മത്സരങ്ങളിൽ ഭാഗികമായി അടച്ചിടും.
ലാ ലിഗയിലെ റയൽ മാഡ്രിഡ്-വലൻസിയ മത്സരത്തിനിടെ കടുത്ത രീതിയിലുള്ള വംശീയ അധിക്ഷേപമായിരുന്നു വിനീഷ്യസ് ഏറ്റുവാങ്ങിയത്. ഇതാദ്യമായല്ല ലാ ലിഗയിൽ കളിക്കുമ്പോൾ വിനീഷ്യസിന് വംശീയ അധിക്ഷേപം നേരിടേണ്ടി വരുന്നത്. വലൻസിയ ആരാധകരിൽ നിന്നും വന്ന മോശം സമീപനം കാരണം കുറച്ച് സമയത്തേക്ക് മത്സരം നിർത്തിവയ്ക്കേണ്ടി വന്നു.
വംശീയ അധിക്ഷേപം കാരണം കടുത്ത മാനസിക സമ്മർദ്ദം നേരിട്ട റയൽ മാഡ്രിഡ് സൂപ്പർ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നത്. കായിക രംഗത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവം ലോകം മുഴുവൻ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്നാണ് വൈകിയാണെങ്കിലും കടുത്ത നടപടികൾ സ്വീകരിക്കാൻ ലാ ലിഗ അധികൃതരും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും തയ്യാറായിരിക്കുന്നത്.
Discussion about this post