പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിൽ ഇനിയും രണ്ട് മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്.
ലീഗിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന ബ്രൈട്ടണുമായി സിറ്റി ഇന്ന് ഏറ്റുമുട്ടും. പ്രീമിയർ ലീഗിലെ ഈ സീസണിൽ ഏറ്റവും മനോഹരമായ ഫുട്ബോൾ കാഴ്ചവെച്ച രണ്ട് ടീമുകളാണ് മാഞ്ചസ്റ്റർ സിറ്റിയും ബ്രൈട്ടണും. മത്സരത്തിന് മുന്നോടിയായി ബ്രൈട്ടൺ കോച്ച് റോബർട്ടോ ഡി സെർബിയെ വാനോളം പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള.
“കഴിഞ്ഞ 20 വർഷത്തെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന പരിശീലകരിൽ ഒരാളാണ് റോബർട്ടോ. അവർ കളിക്കുന്ന പോലെ വേറൊരു ടീമും കളിക്കുന്നില്ല. പ്രീമിയർ ലീഗിൽ അദ്ദേഹം മികച്ച ഇമ്പാക്റ്റ് ഉണ്ടാക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷേ ഇത്ര ചെറിയ സമയത്തിനുള്ളിൽ അതുണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.” ഗ്വാർഡിയോള പറഞ്ഞു.
“ഓരോ മത്സരത്തിലും 20 മുതൽ 25 ചാൻസുകൾ വരെയാണ് ബ്രൈട്ടൺ സൃഷ്ടിക്കുന്നത്. പന്ത് കൈവശം വെച്ച് കളിക്കുന്ന അവരുടെ രീതി ഒന്ന് വേറെ തന്നെയാണ്. ഈ ബ്രൈട്ടൺ ടീം വിജയം അർഹിക്കുന്നുണ്ട്. റോബർട്ടോ ഡി സെർബിയുടെ ഈ ടീമിൽ നിന്ന് ഞാനും പല കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നു.” മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ കൂട്ടിച്ചേർത്തു.
ഒരു പ്രത്യേക മാജിക്കിമായി കളിക്കുന്ന ബ്രൈട്ടൺ ഇന്ന് തങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്നും പെപ് ഗ്വാർഡിയോള പറഞ്ഞു. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30 ന് ബ്രൈട്ടന്റെ തട്ടകത്തിലാണ് സൂപ്പർ പോരാട്ടം.
ഈ സീസൺ തുടങ്ങിയ ശേഷമാണ് ഇറ്റാലിയൻ പരിശീലകനായ റോബർട്ടോ ഡി സെർബി ബ്രൈട്ടന്റെ കോച്ചായി ചുമതലയേൽക്കുന്നത്. ഗ്രഹം പോട്ടർ ചെൽസിയിലേക്ക് ചേക്കേറിയതിനെ തുടർന്നായിരുന്നു ഡി സെർബി പകരം നിയമിതനായത്. പ്രീമിയർ ലീഗിൽ നിലവിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന ബ്രൈട്ടൺ ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി യൂറോപ്പ ലീഗ് കളിക്കാനുള്ള ഒരുക്കത്തിലാണ്.
Discussion about this post