ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡ് വിട്ട് എവിടെക്കും പോകില്ലെന്ന് കോച്ച് കാർലോ ആൻസലോട്ടി. ലാ ലിഗ മത്സരങ്ങൾക്കിടെ വംശീയ അധിക്ഷേപത്തിനിരയാകുന്ന സാഹചര്യത്തിൽ വിനിഷ്യസ് ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യമാണ് റയൽ മാഡ്രിഡ് കോച്ച് തന്റെ വാർത്താ സമ്മേളനത്തിൽ തള്ളിയത്. ആൻസലോട്ടിയുടെ വാക്കുകളിലേക്ക്.
“റയൽ മാഡ്രിഡ് വിടുന്നതിനെ കുറിച്ച് വിനീഷ്യസ് ചിന്തിക്കുന്നില്ല. അവൻ ഈ ക്ലബ്ബിനെ ഏറെ സ്നേഹിക്കുന്നു. റയൽ മാഡ്രിഡിൽ തുടർന്ന് ഒരുപാട് വിജയങ്ങൾ സ്വന്തമാക്കാനാണ് വിനി ആഗ്രഹിക്കുന്നത്.” ആൻസലോട്ടി പറഞ്ഞു.
“റയൽ മാഡ്രിഡാണ് തന്റെ ഭാവിയെന്ന് വിനീഷ്യസിന് നന്നായി അറിയാം. ഇവിടെ തുടരുക എന്നതാണ് അവന്റെ ലക്ഷ്യം. റയൽ മാഡ്രിഡിൽ ഒരുപാട് കാലം കളിക്കാൻ ആഗ്രഹിക്കുന്ന താരമാണ് വിനീഷ്യസ്.” കാർലോ ആൻസലോട്ടി വ്യക്തമാക്കി.
വലൻസിയക്കെതിരായ ലാ ലിഗയിലെ കഴിഞ്ഞ മത്സരത്തിലാണ് വിനീഷ്യസ് രൂക്ഷമായ വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായത്. ഗ്യാലറിയിൽ ഇരുന്ന് വലൻസിയ ആരാധകർ മങ്കി ചാന്റുകൾ ഉൾപ്പെടെ നടത്തിയതിനെ തുടർന്ന് മത്സരം അൽപ്പം നേരം നിർത്തി വെക്കേണ്ടി വന്നു.
വംശീയ അധിക്ഷേപം തുടർക്കഥയായിട്ടും ലാ ലിഗ അധികൃതർ കടുത്ത നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുകയാണ്. ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസിന്റെ നിലപാടുകൾക്കെതിരെ വിമർശനവുമായി വിനീഷ്യസ് തന്നെ രംഗത്ത് വന്നിരുന്നു.
Discussion about this post