സൗദി പ്രോ ലീഗിൽ കിരീട പ്രതീക്ഷ നിലനിർത്തി അൽ നസ്ർ. സൂപ്പർ താരം ക്രിസ്റ്റിയാനോ നേടിയ തകർപ്പൻ വിജയ ഗോളിന്റെ പിൻബലത്തിൽ അൽ നസ്ർ കരുത്തരായ അൽ ശബാബിനെ തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റൊണാൾഡോയുടെ ടീമിന്റെ ത്രസിപ്പിക്കുന്ന ജയം.
അൽ ശബാബിനെതിരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് മൂന്ന് ഗോളുകൾ തിരിച്ചടിച്ച് അൽ നസ്ർ ജയം സ്വന്തമാക്കിയത്. ഗുവാങ്കയുടെ ഇരട്ട ഗോളിന്റെ മികവിൽ ആദ്യ പകുതിയുടെ 40 മിനിറ്റിനുള്ളിൽ തന്നെ അൽ ശബാബ് ആധിപത്യം സ്വന്തമാക്കി. 25 ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലീഡ് എടുത്ത അൽ ശബാബ് 40 ആം മിനിറ്റിൽ രണ്ടാം ഗോൾ നേടി.
ആദ്യ പകുതി അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ തകർപ്പൻ ഷോട്ടിലൂടെ ബ്രസീലിയൻ താരം ടലിസ്കയാണ് അൽ നസ്റിനായി ഒരു ഗോൾ മടക്കിയത്. ഹാഫ് ടൈമിന് ശേഷം വർദ്ധിത വീര്യത്തോടെ കളിച്ച CR7ന്റെ ടീം അധികം വൈകാതെ സമനില ഗോൾ സ്വന്തമാക്കി. 51 ആം മിനിറ്റിൽ അബ്ദുൽ റഹ്മാൻ ഗരീബിന്റെ സ്ട്രൈക്കാണ് അൽ നസ്റിനെ ഒപ്പം എത്തിച്ചത്. സ്‌കോർ 2-2.
വിജയം അനിവാര്യമായ മത്സരത്തിൽ ക്യാപ്റ്റൻ ക്രിസ്റ്റിയാനോ റൊണാൾഡോ അൽ നസ്റിന്റെ രക്ഷകനായി അവതരിക്കുകയായിരുന്നു. 59 ആം മിനിറ്റിൽ ബോക്സിന് തൊട്ട് പുറത്ത് നിന്നുള്ള CR7ന്റെ വെടിയുണ്ട പോലൊരു ഷോട്ട് അൽ ശബാബ് വലയിൽ പതിക്കുകയായിരുന്നു. സ്‌കോർ 3-2. സൗദി ലീഗിൽ അൽ നസ്റിനായി റൊണാൾഡോ നേടുന്ന പതിനാലാം ഗോളാണിത്.
ജയത്തോടെ രണ്ടാം സ്ഥാനത്ത് തുടരുന്ന അൽ നസ്ർ കിരീട പ്രതീക്ഷ നിലനിർത്തി. റൊണാൾഡോയുടെ ടീമിന് നിലവിൽ 28 മത്സരങ്ങളിൽ നിന്ന് 63 പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അൽ ഇത്തിഹാദിന് 28 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുണ്ട്. ഇരു ടീമുകൾക്കും ഇനി രണ്ട് മത്സരങ്ങൾ വീതമാണ് ലീഗിൽ അവശേഷിക്കുന്നത്.
Discussion about this post