പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ അധികം വൈകാതെ സൗദി ക്ലബ്ബായ അൽ നസ്ർ വിടുമെന്ന് റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയെ ഉദ്ധരിച്ച് ഗോൾ ഡോട്ട് കോമാണ് ഈ വാർത്ത നൽകിയിരിക്കുന്നത്. സൗദി ലീഗിലെ സാഹചര്യങ്ങളുമായി ഒട്ടും പൊരുത്തപ്പെടാൻ സാധിക്കാത്ത താരം അസ്വസ്ഥനാണെന്ന് സ്പാനിഷ് മാധ്യമം സൂചിപ്പിക്കുന്നു.
എത്രയും വേഗം അൽ നസ്റിൽ നിന്ന് പോകാനാണ് ക്രിസ്റ്റിയാനോ ശ്രമിക്കുന്നതെന്നാണ് മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത്. സൗദിയിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഉൾപ്പെടെ CR7ന് അതൃപ്തിയുണ്ടെന്നാണ് സ്പാനിഷ് പത്രം അവകാശപ്പെടുന്നത്. ഏതെങ്കിലും യൂറോപ്യൻ ക്ലബ്ബിലേക്ക് തിരികെ പോകാൻ താരം ശ്രമിക്കുന്നുണ്ട്. അത് നടന്നില്ലെങ്കിൽ CR7 മറ്റ് വഴികളും തേടുമെന്നാണ് സൂചന.
കഴിഞ്ഞ ജനുവരിയിലാണ് റെക്കോർഡ് പ്രതിഫലത്തിന് 38കാരനായ ക്രിസ്റ്റിയാനോ റൊണാൾഡോ സൗദി ക്ലബ് അൽ നസ്റിലേക്ക് ചേക്കേറുന്നത്. സീസണിന്റെ പകുതിക്ക് വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡുമായി വേർപിരിഞ്ഞ ക്രിസ്റ്റിയാനോ ഫ്രീ ഏജന്റായാണ് അൽ നസ്റിൽ എത്തുന്നത്.
അൽ നസ്റിനായി ഇതുവരെ കളിച്ച 14 ലീഗ് മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 2 അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് റൊണാൾഡോ കാഴ്ചവെച്ചത്. എന്നാൽ, റൊണാൾഡോയുടെ വ്യക്തിഗത മികവ് ക്ലബ്ബ് എന്ന നിലയിൽ അൽ നസ്റിന് പ്രയോജനപ്പെടുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു.
സൗദി കിംഗ് കപ്പിൽ നിന്ന് പുറത്തായ അൽ നസ്ർ, സൗദി ലീഗിൽ നിലവിൽ രണ്ടാമതാണ്. ഒന്നാം സ്ഥാനത്തുള്ള അൽ ഇത്തിഹാദിനാണ് കിരീടം നേടാൻ കൂടുതൽ സാധ്യത. മത്സരങ്ങൾക്കിടെ ഉണ്ടാകുന്ന വാഗ്വാദങ്ങളും എതിർ ടീമുകളുടെ ആരാധകരുടെ മോശം പെരുമാറ്റവും റൊണാൾഡോയ്ക്ക് അലോസരമുണ്ടാക്കുന്നുവെന്നാണ് റിപ്പോർട്ട്.
രണ്ട് വർഷത്തെ കരാർ കാലാവധി പൂർത്തിയാക്കാതെ റൊണാൾഡോ അൽ നസ്ർ വിടുകയാണെങ്കിൽ താരത്തിന് വലിയൊരു തുക നഷ്ട പരിഹാരമായി നൽകേണ്ടി വരുമെന്നാണ് മുണ്ടോ ഡിപ്പോർട്ടിവോ പറയുന്നത്. അത് കൂടാതെ
ഫുട്ബോൾ രംഗത്ത് നിന്ന് നാല് മാസത്തെ സസ്പെൻഷനും നേരിടേണ്ടി വരും. എന്നാൽ, ക്ലബ്ബിന്റെ സമ്മത പ്രകാരം ടീം വിടുകയാണെങ്കിൽ നഷ്ട പരിഹാരവും വിലക്കും അനുഭവിക്കേണ്ടി വരില്ല.
Discussion about this post