പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള കായിക താരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി മൂന്നാമത്. ഇൻഫ്ലുവൻസർ മാർക്കറ്റിങ് പ്ലാറ്റ്ഫോമായ ഹൈപ്പ് ഓഡിറ്റാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോയും ലയണൽ മെസിയും മാത്രമാണ് വിരാട് കോഹ്ലിക്ക് മുന്നിൽ നിൽക്കുന്ന കായിക താരങ്ങൾ. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന വ്യക്തി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയാണ്. CR7നെ 584 ദശലക്ഷം ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്.
ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസിയും ഒട്ടും പിന്നിൽ അല്ല. ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് മെസി. ലയണൽ മെസിക്ക് ഇൻസ്റ്റാഗ്രാമിൽ 463 ദശലക്ഷം ഫോളോവേഴ്സാണുള്ളത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനും സൂപ്പർ താരവുമായ വിരാട് കോഹ്ലിക്ക് ഇൻസ്റ്റാഗ്രാമിൽ 249 ദശലക്ഷം ഫോളോവേഴ്സാണുള്ളത്. ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഏഷ്യൻ കായിക താരം കൂടിയാണ് കോഹ്ലി.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയും കളിക്കുന്ന വിരാട് കോഹ്ലി ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കടുത്ത ആരാധകൻ കൂടിയാണ്. CR7ന്റെ നേട്ടങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടെ അഭിനന്ദന കുറിപ്പുകളുമായി വിരാട് കോഹ്ലി രംഗത്ത് വരാറുണ്ട്.
Discussion about this post