ക്രിസ്റ്റിയാനോ റൊണാൾഡോയെ കുറിച്ച് ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പാവ്ലോ മാൾഡീനി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇറ്റാലിയൻ വെബ്സൈറ്റായ ടുട്ടോ ജുവിനോട് സംസാരിക്കുന്നതിനിടയിലാണ് മാൾഡീനി CR7നെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.
“ഡിയാഗോ മറഡോണയും റൊണാൾഡോ നസാരിയോയും കരുത്തരായ താരങ്ങളാണ്. ഞാൻ മെസിക്കെതിരെ കളിച്ചിട്ടില്ല. CR7 മഹത്തായൊരു സ്ട്രൈക്കറാണ്. പക്ഷേ, മറഡോണയെയും റൊണാൾഡോ നസാരിയോയെയും അപേക്ഷിച്ച് ക്രിസ്റ്റിയാനോയ്ക്ക് മാന്ത്രികത അൽപ്പം കുറവാണ്.” മാൾഡീനി തുറന്നു പറഞ്ഞു.
“വേഗതയും ശാരീരിക കരുത്തുമുള്ള കളിക്കാരനായിരുന്നു ഞാൻ. പക്ഷേ, മറഡോണയും റൊണാൾഡോ നസാരിയോയും ഇതിൽ എന്നേക്കാൾ മുന്നിൽ നിൽക്കുന്നവരാണ്. മറഡോണ വളരെ മികച്ച പ്രതിഭയായിരുന്നു. അദ്ദേഹത്തെ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തിയപ്പോൾ എനിക്ക് പശ്ചാത്താപം തോന്നി. കരിയറിനിടെ ഞാൻ മറഡോണയെ പലപ്പോഴും കടുത്ത രീതിയിൽ ടാക്കിൾ ചെയ്തിരുന്നു.” എ സി മിലാന്റെ ഇതിഹാസ ഡിഫൻഡറായ പാവ്ലോ മാൾഡീനി മനസ് തുറന്നു.
വ്യത്യസത തലമുറകളിൽ പെട്ട ഇതിഹാസ താരങ്ങളായ മറഡോണ, റൊണാൾഡോ നസാരിയോ, ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവർക്കെതിരെ കളിച്ച താരമാണ് പാവ്ലോ മാൾഡീനി. തനിക്കെതിരെ കളിച്ച താരങ്ങളിൽ ഏറ്റവും മികച്ചവരെ കുറിച്ചാണ് മാൾഡീനി ടുട്ടോ ജുവിനോട് പറഞ്ഞത്.
ഡിയാഗോ മറഡോണക്കെതിരെ തന്റെ കരിയറിന്റെ തുടക്കത്തിലാണ് പാവ്ലോ മാൾഡീനി കളിച്ചത്. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലാണ് മാൾഡീനി റൊണാൾഡോ നസാരിയോക്കെതിരെ കളിച്ചത്. തന്റെ ഇതിഹാസ തുല്യമായ കരിയറിന്റെ അവസാന കാലഘട്ടത്തിലായിരുന്നു പാവ്ലോ മാൾഡീനി അന്നത്തെ യുവ താരമായ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കെതിരെ കളിച്ചത്.
Discussion about this post