ലോക ചാമ്പ്യൻമാരായ അർജന്റീന അടുത്ത മാസം ഏഷ്യയിൽ രണ്ട് മത്സരങ്ങൾ കളിക്കും. ജൂണിലെ ഇന്റർ നാഷണൽ ബ്രേക്കിന്റെ ഭാഗമായാണ് ആൽബിസെലസ്റ്റികൾ ഏഷ്യയിലേക്ക് വരുന്നത്. ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ വെച്ച് ഓസ്ട്രേലിയയുമായി പ്രദർശന മത്സരം കളിക്കുന്ന മെസിയും സംഘവും ഇതിന് ശേഷം ജക്കാർത്തയിൽ ഇന്തോനേഷ്യയുമായി ഏറ്റുമുട്ടും.
ഓസ്ട്രേലിയയുമായുള്ള പ്രദർശന മത്സരം ബീജിംഗിലെ വർക്കേഴ്സ് സ്റ്റേഡിയത്തിൽ ജൂൺ 15ന് നടക്കും. ജൂൺ 19നാണ് ഇന്തോനേഷ്യക്കെതിരായ മത്സരം. അർജന്റീനയുടെ ഏഷ്യൻ ടൂറിന്റെ ഭാഗമായാണ് രണ്ട് മത്സരങ്ങളും. ലോക ചാമ്പ്യൻമാരായ അർജന്റീന ഏഷ്യൻ രാജ്യങ്ങളിലേക്ക് ഫുട്ബോൾ കളിക്കാൻ വരുന്നത് മേഖലയിൽ വലിയ ആവേശം ഉണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഓസ്ട്രേലിയയുമായി അവസാനമായി അർജന്റീന ഏറ്റുമുട്ടിയത് ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിലാണ്. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്കലോണിയുടെ ടീം വിജയിച്ചത്. ലോകകപ്പിന് ശേഷം കഴിഞ്ഞ മാർച്ചിൽ അർജന്റീന രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു.
പനാമയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച അർജന്റീന, പിന്നീട് അരങ്ങേറിയ സൗഹൃദ പോരാട്ടത്തിൽ കുറസാവിനെ 7-0ത്തിന് തകർത്തിരുന്നു. പനാമക്കെതിരെ ഒരു ഗോൾ നേടിയ സൂപ്പർ താരം മെസി കുറസാവിനെതിരെ ഹാട്രിക്കും സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷം വന്ന ഫിഫ ലോക റാങ്കിംഗിലാണ് ബ്രസീലിനെ മറികടന്ന് അർജന്റീന ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
Discussion about this post