പ്രീമിയർ ലീഗിലേക്ക് ചേക്കേറിയ ആദ്യ സീസണിൽ തന്നെ ലീഗ് കിരീടം സ്വന്തമാക്കാൻ സാധിച്ചതിന്റെ ത്രില്ലിലാണ് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ സ്ട്രൈക്കർ ഏർലിംഗ് ഹാലണ്ട്. 2022-23 സീസണിലെ പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി ഉറപ്പിച്ചതോടെ ട്വിറ്ററിലൂടെയാണ് ഹാലണ്ട് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.
“ടീമിനായി എല്ലായ്പ്പോഴും കഴിവിന്റെ പരമാവധി നൽകുക. സ്വന്തം കഴിവിൽ വിശ്വാസം അർപ്പിക്കുക. എന്നാൽ, അതിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും” 22 കാരനായ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ ട്വിറ്ററിൽ കുറിച്ചു.
പ്രീമിയർ ലീഗിലെ ആദ്യ സീസണിൽ തന്നെ വിസ്മയകരമായ പ്രകടനവുമായി മുന്നേറുകയാണ് ഏർലിംഗ് ഹാലണ്ട്. സിറ്റിക്കായി ഇതുവരെ കളിച്ച 49 മത്സരങ്ങളിൽ നിന്ന് 52 ഗോളുകളും 8 അസിസ്റ്റുകളുമാണ് ഹാലണ്ട് നേടിയത്. പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും അധികം ഗോൾ സ്കോർ ചെയ്യുന്ന താരത്തിന്റെ റെക്കോർഡും ഏർലിംഗ് ഹാലണ്ട് സ്വന്തം പേരിൽ കുറിച്ചിരുന്നു.
പ്രീമിയർ ലീഗിൽ 33 മത്സരങ്ങളിൽ നിന്ന് 36 ഗോളുകളും 7 അസിസ്റ്റുകളുമാണ് താരത്തിന്റെ സംഭാവന. പ്രീമിയർ ലീഗിലെ ഒരു സീസണിൽ ഏറ്റവും അധികം ഗോളുകൾ നേടിയ ആൻഡി കോളിന്റെയും അലൻ ഷിയററുടെയും റെക്കോർഡാണ് നോർവീജിയൻ സ്ട്രൈക്കർ പഴങ്കഥയാക്കിയത്. 34 ഗോളുകൾ വീതമായിരുന്നു കോളും ഷിയററും അടിച്ചത്.
മാഞ്ചസ്റ്റർ സിറ്റിയുടെ ഹാട്രിക് പ്രീമിയർ ലീഗ് കിരീടം നേട്ടത്തിനായി നിർണായക സംഭാവനകൾ നൽകിയ താരമാണ് ഹാലണ്ട്. പ്രീമിയർ ലീഗിനൊപ്പം എഫ്എ കപ്പും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി ട്രെബിൾ നേട്ടം എത്തിപ്പിടിച്ചാൽ ഒരുപക്ഷേ ഈ വർഷത്തെ ബലൺ ഡി ഓർ ഹാലണ്ടിനെ തേടി എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.
എട്ടാം ബലൺ ഡി ഓർ എന്ന ചരിത്രം നേട്ടം ലക്ഷ്യമിടുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസിയുടെ സാധ്യതകൾക്ക് വലിയ വെല്ലുവിളി ഉയർത്താൻ 22 കാരനായ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ സ്ട്രൈക്കറിന് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഖത്തർ ലോകകപ്പിന് ശേഷം ഉണ്ടായിരുന്ന സാഹചര്യം പൂർണ്ണമായും മാറിയിരിക്കുകയാണ്. അർജന്റീന ലോകകപ്പ് ജയിച്ച വേളയിൽ കാര്യമായ എതിരാളി പോലും ഇല്ലാതെ മെസി മികച്ച ഫുട്ബോളർക്കുള്ള പുരസ്കാരം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
കലണ്ടർ വർഷത്തിന് പകരം ഈ വർഷത്തെ ബലൺ ഡി ഓർ സീസണിലെ പ്രകടനത്തെ മുൻ നിർത്തിയാണ് നൽകുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ജൂലൈ വരെയുള്ള പ്രകടനമാണ് വിലയിരുത്തുക. ലോകകപ്പ് കഴിഞ്ഞ് സീസണിൽ ഒരുപാട് കാര്യങ്ങൾ നടന്നതിനാൽ തീർച്ചയായും വോട്ടിംഗിനെ ഇതെല്ലാം വലിയ തോതിൽ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ഒക്ടോബർ 17ന് പാരീസിലാണ് ബലൺ ഡി ഓർ സമ്മാനിക്കുക..
Discussion about this post