ക്ലബ്ബിന്റെ മത്സരങ്ങൾക്കിടെ ലയണൽ മെസിയെ കൂവി വിളിക്കുന്ന പിഎസ്ജി ആരാധകരെ ന്യായീകരിച്ച് ഫ്രാൻസിന്റെ മുൻ പരിശീലകൻ റെയ്മണ്ട് ഡോമനെക്. പിഎസ്ജി ആരാധകരുടെ പ്രതിഷേധത്തിനും കൂവലിനും കാരണക്കാരൻ മെസി തന്നെയാണെന്നാണ് റെയ്മണ്ട് ഡോമനെക് പറയുന്നത്. ഫ്രഞ്ച് മാധ്യമമായ ലെക്വിപ്പിന്റെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഫ്രാൻസിന്റെ മുൻ പരിശീലകൻ.
“മെസിക്ക് പിഎസ്ജിയിൽ വിജയകരമായ ഒരു കരിയർ ഉണ്ടാക്കാൻ പറ്റിയിട്ടില്ല. ആരാധകർക്ക് സന്തോഷം പകരുന്ന ഒന്നും
ചെയ്തു കൊടുക്കാൻ മെസിക്ക് സാധിച്ചിട്ടില്ല. അത് തന്നെയാണ് പ്രധാന പ്രശ്നം.” ഡോമനെക് അഭിപ്രായപ്പെട്ടു.
“എന്തൊക്കെയാണെങ്കിലും ആരാധകരുടെ ഈ കൂവലുകൾക്ക് ഉത്തരവാദി മെസി തന്നെയാണ്. മത്സരം കഴിയുമ്പോൾ ആരാധകർക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ അവൻ ശ്രമിക്കാറില്ല. അവരെ ഒന്ന് അഭിവാദ്യം ചെയ്യാൻ പോലും മെസി തയ്യാറാകുന്നില്ല. കളി കാണാൻ എത്തുന്ന പിഎസ്‌ജി ആരാധകരുമായി മെസിക്ക് യാതൊരു ബന്ധവുമില്ല. പിഎസ്ജി ആരാധകരും മെസിയും തമ്മിലുള്ള ഈ അകൽച്ചയ്ക്ക് കാരണം ഇതാണ്.” റെയ്മണ്ട് ഡോമനെക് വ്യക്തമാക്കി.
പിഎസ്ജി ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടതിനെ തുടർന്നാണ് ഒരു വിഭാഗം ആരാധകർ മെസിക്ക് നേരെ കൂവി വിളിക്കാൻ തുടങ്ങിയത്. അജാസിയോക്കെതിരായ കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടിൽ മെസിയെ ആരാധകർ കൂവിയിരുന്നു. മെസിയെ ലക്ഷ്യം വെച്ചുള്ള പിഎസ്ജി ആരാധകരുടെ മോശം പെരുമാറ്റത്തിനെതിരെ ക്ലബ്ബിലെ സഹതാരങ്ങൾ തന്നെ രംഗത്ത് വന്നിരുന്നു.
Discussion about this post