കരിയറിൽ താൻ ഏറ്റവും കൂടുതൽ കാര്യങ്ങൾ പഠിച്ചത് ക്രിസ്റ്റിയാനോ റൊണാൾഡോയിൽ നിന്നാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് റാഫേൽ വരാൻ. ബി ടി സ്പോർട്സിന്റെ ‘വാട്ട് ഐ വോർ’ എന്ന പരിപാടിക്കിടെയാണ് റാഫേൽ വരാൻ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സ്വഭാവ സവിശേഷതകൾ തന്നിൽ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് വിവരിച്ചത്.
“കരിയറിനിടെ ഞാൻ ഏറ്റവും കൂടുതൽ കാര്യങ്ങൾ പഠിച്ച ഒരു താരമുണ്ടെങ്കിൽ അത് ക്രിസ്റ്റിയാനോ റൊണാൾഡോയാണ്. പരിശീലനത്തിനിടെ എല്ലാ കാര്യങ്ങൾക്കും അതീവ ശ്രദ്ധയും പരിഗണനയും നൽകുന്ന കളിക്കാരനാണ് ക്രിസ്റ്റിയാനോ. സഹതാരങ്ങൾക്ക് ആത്മവിശ്വാസവും പ്രചോദനവും പകരാൻ CR7ന് സാധിക്കും. എല്ലാ മത്സരങ്ങളിൽ കൂടുതൽ നേടാൻ ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ മനോഭാവം എല്ലാവർക്കും ഒരു മാതൃകയാണ്.” 29കാരനായ ഫ്രഞ്ച് ഡിഫൻഡർ പറഞ്ഞു.
റയൽ മാഡ്രിഡിലും മാഞ്ചസ്റ്റർ യുണൈറ്റഡിലുമായി റൊണാൾഡോയും വരാനും 231 മത്സരങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. റയൽ മാഡ്രിഡ് താരങ്ങൾ എന്ന നിലയിൽ ഇരുവരും ഒരുമിച്ച് നാല് തവണ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
റയൽ മാഡ്രിഡ് വിട്ട് 2021ലാണ് റാഫേൽ വരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. ടെൻ ഹാഗിന്റെ ശിക്ഷണത്തിൽ റെഡ് ഡെവിൾസിന്റെ പ്രതിരോധ കോട്ട കാക്കുന്ന പ്രധാന ഡിഫൻഡറായി മാറിയിരിക്കുകയാണ് റാഫേൽ വരാൻ. 2021ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരികെ എത്തിയ ക്രിസ്റ്റിയാനോ റൊണാൾഡോ ഈ വർഷം ജനുവരിയിലാണ് സൗദി ക്ലബ് അൽ നസ്റിലേക്ക് കൂടു മാറിയത്.
Discussion about this post