പ്രീമിയർ ലീഗിൽ നിലവിലെ അവസ്ഥയിൽ മാഞ്ചസ്റ്റർ സിറ്റി മാരക ഫോമിലാണ്. തടുക്കാൻ എതിരാളികൾ ഇല്ലാത്ത ഗംഭീര കുതിപ്പ് നടത്തുകയാണ് പെപ്പിൻറെ ടീം. ഏറ്റവും ഒടുവിലായി വമ്പന്മാരായ ആഴ്സനലിനെ വരെ 4-1ന് തകർത്തെറിഞ്ഞാണ് അവർ നിൽക്കുന്നത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയേനെ എന്ന വാദവുമായി എത്തിയിരിക്കുകയാണ് യുണൈറ്റഡ് ഇതിഹാസം റിയോ ഫെർഡിനാണ്ട്.
ബി ടി സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ഫെർഡിനാണ്ട്. 2008 ലെ ഫെർഗുസന്റെ കീഴിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നെങ്കിൽ ഈ മാഞ്ചസ്റ്റർ സിറ്റിയെ 3-1 ന് പരാജയപ്പെടുത്തിയേനെ എന്നാണ് ഫെർഡിനാണ്ട് അഭിപ്രായം. “കടുപ്പമാണ്. വളരെ കടുപ്പമുള്ള മത്സരങ്ങൾ ആയിരിക്കും. പെപിന് കീഴിലുള്ള ടീമുകൾക്കെതിരെ കളിക്കാൻ കടുപ്പമാണ്. പെപിന്റെ ബാഴ്സലോണക്ക് മുൻപിൽ ഞങ്ങൾ പരാജയപ്പെട്ടതാണ്. ഈ ടീമും അതുപോലെയാണ്.
ഹാലണ്ടും ഡി ബ്രൂയ്നെയും നയിക്കുന്ന ആയുദ്ധപുരയാണ് അവർ. പക്ഷെ, 2008 ലെ ഞങ്ങൾ ആയിരുന്നെങ്കിൽ അവരെ 3-1 ന് തോല്പിക്കുമായിരുന്നു.” ഫെർഡിനാണ്ട് പ്രവചിച്ചു. സൂപ്പർ താരം ഏർലിംഗ് ഹാലണ്ടിനെ പോക്കറ്റിൽ ആക്കുമെന്നും ഫെർഡിനാണ്ട് അഭിപ്രായപ്പെട്ടു. “എന്തായാലും ഞങ്ങൾ ഒരു ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ക്കുമായിരുന്നു. എന്തായാലും സിറ്റി ഒരു മികച്ച ടീം തന്നെയാണ്. ആ കാര്യം ഒരിക്കലും നിഷേധിക്കാൻ പറ്റില്ല.” ഫെർഡിനാണ്ട് കൂട്ടിച്ചേർത്തു. അലക്സ് ഫെർഗുസന്റെ കീഴിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് എല്ലാവരും ഭയപ്പെട്ടിരുന്ന ഒരു ടീം ആയിരുന്നു.
“ക്രിസ്റ്റ്യാനോ റൊണാൾഡോയും, വെയ്ൻ റൂണിയും, ഫെർഡിനാണ്ടും, സ്കോൾസും, വിദിച്ചും എല്ലാം അടങ്ങിയ നിര യൂറോപ്പിലെ എല്ലാ വമ്പന്മാരും ഭയക്കുന്ന ഒരു ടീം ആയിരുന്നു. ആ ഒരു നിലവാരത്തിനോട് കിടപിടിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ മാഞ്ചസ്റ്റർ സിറ്റി കളിക്കുന്നത്. പ്രീമിയർ ലീഗ് കിരീടത്തിന് ഇപ്പോൾ മുൻപന്തിയിലുള്ള അവർ ചാമ്പ്യൻസ് ലീഗിനും എഫ് എ കപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന് സജീവമായി തന്നെ രംഗത്തുണ്ട്. എന്തായാലും നിലവിലെ ഫോമിൽ സിറ്റി ഈ സീസണിൽ ഈ മൂന്ന് കിരീടങ്ങളും സ്വന്തമാക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
Discussion about this post