ആഴ്സനൽ ഗോൾ കീപ്പർ ആരോൺ റാംസ്ഡേലിനെ പ്രശംസിച്ച് ഇംഗ്ലണ്ട് ഫുട്ബോൾ ഇതിഹാസം വെയ്ൻ റൂണി.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ ഗോൾ കീപ്പർ പീറ്റർ ഷ്മൈക്കളുമായാണ് റൂണി റാംസ്ഡേലിനെ താരതമ്യം ചെയ്തിരിക്കുന്നത്. ടൈംസിൽ എഴുതിയ ലേഖനത്തിലാണ് ആഴ്സനൽ യുവ ഗോൾ കീപ്പറിനെ റൂണി പ്രശംസ കൊണ്ട് മൂടിയത്.
“ഞാൻ ആരോൺ റാംസ്ഡേലിന്റെ ഒരു കടുത്ത ആരാധകനാണ്. സതാംപ്ടനെതിരായ കഴിഞ്ഞ മത്സരത്തിൽ ചില വീഴ്ചകൾ ഉണ്ടായെങ്കിലും, അവൻ ഒരുപാട് തകർപ്പൻ സേവുകൾ നടത്തി ടീമിനായി നിർണായക പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.” വെയ്ൻ റൂണി ചൂണ്ടിക്കാട്ടി.
“പീറ്റർ ഷ്മൈക്കിളിനെ ഓർമ്മപ്പെടുത്തുന്ന ശൈലിയാണ് അവന്റെതും. തീർച്ചയായും, ഷ്മൈക്കിളിന്റെ നിലവാരത്തിൽ എത്താൻ റാംസ്ഡേൽ ഇനിയും മെച്ചപ്പെടണമെന്ന് എനിക്കറിയാം. പക്ഷേ, അടുത്ത കാലത്ത് ഞാൻ കണ്ടതിൽ വെച്ച് ശൈലിയുടെ കാര്യത്തിൽ പീറ്റർ ഷ്മൈക്കിളുമായി ഏറ്റവും സാമ്യമുള്ള ഗോൾ കീപ്പർ ആരോൺ റാംസ് ഡേലാണ്.” റൂണി തന്റെ നിലപാട് വ്യക്തമാക്കി.
പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിട്ടുള്ള ആഴ്സനലിന്റെ ഈ സീസണിലെ കുതിപ്പിന് പിന്നിലെ നിർണായക സാന്നിധ്യങ്ങളിൽ ഒരാളാണ് 24 കാരനായ ആരോൺ റാംസ്ഡേൽ. തകർപ്പൻ സേവുകൾ നടത്താനുള്ള കഴിവിനൊപ്പം മികച്ച പോരാട്ട വീര്യവും കൈമുതലായുള്ള ഗോൾ കീപ്പറാണ് റാംസ്ഡേൽ.
Discussion about this post