സൂപ്പർ കപ്പിൽ ബംഗളൂരു എഫ്സിക്കെതിരെ നാളെ നിർണായക മത്സരം നടക്കാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ ഇവാൻ കലിയുഷ്നി ടീം വിട്ടതായി റിപ്പോർട്ട്. സൂപ്പർ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ ഉക്രൈൻ താരവും ഉണ്ടായിരുന്നു. കലിയുഷ്നി ബ്ലാസ്റ്റേഴ്സ് ക്യാമ്പ് വിട്ടതായി പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ മാർക്കസ് മെർഹുലാഹോയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇവാൻ കലിയുഷ്നി ടീമിനൊപ്പമില്ലെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനെ കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മെർഹുലാഹോ ഇക്കാര്യം വ്യക്തമാക്കിയത്. ഇവാൻ നേരത്തെ തന്നെ ടീം ഹോട്ടൽ വിട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇവാൻ കലിയുഷനി വിമാനത്താവളത്തിൽ നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ ഉക്രൈനിലേക്ക് മടങ്ങിയതായും അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ, ഇവാൻ കലിയുഷ്നി ടീം വിട്ടതുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല.
കഴിഞ്ഞ ഐഎസ്എൽ സീസൺ ആരംഭിക്കുന്നതിന് തൊട്ട് മുൻപാണ് ഉക്രൈൻ മിഡ്ഫീൽഡറായ കലിയുഷ്നി ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിയത്. ഉക്രൈൻ ക്ലബ്ബായ ഒലക്സാൻഡ്രിയയിൽ നിന്ന് ലോണിലാണ് 25കാരനായ താരം ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ഇവാൻ കലിയുഷ്നി, 18 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടം പിടിക്കാൻ കലിയുഷ്നിക്ക് സാധിച്ചിരുന്നു.
Discussion about this post