ഹീറോ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന് അപ്രതീക്ഷിത തോൽവി. ഐ ലീഗ് ക്ലബ് ശ്രീനിധി ഡെക്കാനാണ് ബ്ലാസ്റ്റേഴ്‌സിനെ അട്ടിമറിച്ചത്. കോഴിക്കോട് നടന്ന മത്സരത്തിൽ ഏകപക്ഷീയമായി രണ്ട് ഗോളുകൾക്കായിരുന്നു ശ്രീനിധിയുടെ വിജയം. രണ്ട് ഗോളുകളും ആദ്യ പകുതിയിൽ ആയിരുന്നു.
കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ നിന്ന് ഏഴ് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. മത്സരത്തിന്റെ 17 ആം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് ശ്രീനിധി ലീഡ് സ്വന്തമാക്കി. ഹസനാണ് ഐ ലീഗ് ടീമിനായി ആദ്യ ഗോൾ നേടിയത്.
43 ആം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് വല വീണ്ടും കുലുങ്ങി. ഒരു ആക്രോബാറ്റിക് ഫിനിഷിലൂടെ കാസ്റ്റനേഡ ശ്രീനിധിയുടെ രണ്ടാം ഗോൾ അടിച്ചു. രണ്ടാം പകുതിയിൽ ചില പ്രമുഖ താരങ്ങളെ കൊണ്ടുവന്ന് ഗോൾ മടക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചു. ആദ്യ പകുതിയിൽ നിന്ന് വ്യത്യസ്തമായി ബ്ലാസ്റ്റേഴ്‌സ് മികച്ച കളി പുറത്തെടുത്തെങ്കിലും ഗോൾ നേടാൻ പരാജയപ്പെട്ടു.
ഈ തോൽവി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോ കപ്പ് സെമി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പിൽ രണ്ടാമതാണ്. നാല് പോയിന്റുള്ള ശ്രീനിധി ഡെക്കാനാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ കരുത്തരായ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.
Discussion about this post