ഹീറോ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. കോഴിക്കോട് നടന്ന മത്സരത്തിൽ ഐ ലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെയാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.
41 ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതി അവസാനിക്കുമ്പോൾ മഞ്ഞപ്പട ഒരു ഗോളിന് മുന്നിലായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് രണ്ടായി ഉയർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു. 54 ആം മിനിറ്റിൽ ഡാനിഷ് ഫാറൂഖും സഹലും ചേർന്ന് നടത്തിയ നീക്കത്തിന് ഒടുവിൽ ഡിഫൻഡർ നിഷുകുമാറാണ് തകർപ്പൻ ഷോട്ടിലൂടെ റൗണ്ട് ഗ്ലാസിന്റെ വല കുലുക്കിയത്.
74 ആം മിനിറ്റിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് ഒരു ഗോൾ മടക്കി. ജുവാൻ മെറയുടെ മികച്ചൊരു ക്രോസിൽ നിന്ന് സൂപ്പർ സബ് കൃഷ്ണയാണ് റൗണ്ട് ഗ്ലാസിനായി സ്കോർ ചെയ്തത്. സ്കോർ 2-1 ആയതോടെ മത്സരം അൽപ്പം കനത്തു.
എന്നാൽ, ഫൈനൽ വിസിലിന് തൊട്ട് മുൻപ് റൗണ്ട് ഗ്ലാസ് ഡിഫൻസിന്റെ പിഴവ് മുതലെടുത്ത് മലയാളി താരം കെപി രാഹുൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം ഉറപ്പാക്കിയ മൂന്നാം ഗോൾ നേടി. വിലക്ക് നേരിടുന്ന കോച്ച് ഇവാൻ വുകമനോവിച്ചിന് പകരം അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡൌനായിരുന്നു ബ്ലാസ്റ്റേഴ്സ് ടീമിന്റെ ചുമതല. സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിൽ ശ്രീനിധി ഡെക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബുധനാഴ്ചയാണ് മത്സരം.
Discussion about this post