ഇന്നാണ് ആരാധകർ കാത്തിരിക്കുന്ന ആഴ്‌സനൽ ലിവർപൂൾ സൂപ്പർ പോരാട്ടം. ഇന്ന് ആൻഫീൽഡിൽ നടക്കുന്ന മത്സരത്തിൽ ആഴ്‌സനലിന് ലിവർപൂളിന് എതിരെയുള്ള ഒരു വിധി മറികടക്കാനുള്ള ഒരു അവസരം കൂടിയാണ് ഇന്നുള്ളത്. 2012 ന് ശേഷം ലിവർപൂളിനെ ആൻഫീൽഡിൽ വച്ച് പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും ആൻഫീൽഡിൽ രണ്ട് പേരും ഏറ്റുമുട്ടുമ്പോഴെല്ലാം സംഭവബഹുലമായിരുന്നു മത്സരങ്ങൾ. എന്തായാലും ആൻഫീൽഡിൽ വച്ച് ലിവർപൂളും ആഴ്‌സനലും ഏറ്റുമുട്ടിയപ്പോൾ ആരാധകരെ ആവേശത്തിലാക്കിയ ഒരു അഞ്ച് മത്സരങ്ങൾ നമുക്ക് ഒന്ന് തിരിഞ്ഞു നോക്കാം.
2017 ൽ ആൻഫീൽഡിൽ ലിവർപൂൾ ആഴ്‌സനലിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് വിട്ടിരുന്നു. അന്ന് ആകെ തകർന്നിരിക്കുന്ന ആഴ്‌സനലിനെ നിർദാക്ഷിണ്യം അതിക്രമിക്കുകയായിരുന്നു ലിവർപൂൾ. നിരന്തരം ഗണ്ണേഴ്‌സിന്റെ ഗോൾമുഖത്ത് അപകടം സൃഷ്ട്ടിച്ചുകൊണ്ടിരുന്ന ലിവർപൂൾ ആഴ്‌സനലിനെ ഒന്ന് അനങ്ങാൻ പോലും സമ്മതിച്ചിരുന്നില്ല. റെഡ്‌സിന്റെ അപകടകാരികാളായ അറ്റാക്കിങ് ത്രയത്തിലെ റോബർട്ടോ ഫിർമിനോയും, സാദിയോ മാനെയും, മുഹമ്മദ് സലായും ലിവർപൂളിന് വേണ്ടി ഗോളുകൾ നേടി. പാകരക്കാരനായി എത്തിയ ഡാനിയേൽ സ്റ്റുറിഡ്ജാണ് നാലാം ഗോൾ നേടിയത്.
2016 ജനുവരിയിൽ ആഴ്‌സനലും ലിവർപൂളും ഏറ്റുമുട്ടിയത് ആരും മറക്കില്ല. അടിയും തിരിച്ചടികളുമായി 3-3 ന്റെ സമനിലയിലായിരുന്ന മത്സരം. റോബർട്ടോ ഫിർമിനോയിലൂടെ ലീഡ് നേടിയ ലിവർപൂളിനെ ആരോൻ റംസിയിലൂടെ ഗണ്ണേഴ്‌സ് ഒപ്പം പിടിച്ചു. എന്നാൽ വീണ്ടും ഫിർമിനോയിലൂടെ മുന്നിലെത്തിയ ലിവർപൂളിനെ ജിറൂഡിലൂടെ വീണ്ടും ആഴ്‌സനൽ ഒപ്പം പിടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ജിറൂഡ് ഒന്നുകൂടി നേടി ആഴ്‌സനലിനെ മുന്നിലെത്തിച്ചു. എന്നാൽ ആൻഫീൽഡിൽ പരാജയം മണത്ത ലിവർപൂളിന് രക്ഷകനായി 90 ആം മിനിറ്റിൽ ജോസഫ് അല്ലൻ ഒപ്പമെത്തിച്ചു.
ഇതുപോലെ തന്നെ വളരെയധികം ത്രില്ലിംഗ് ആയിരുന്ന ഒന്നാണ് 2014 ൽ ആൻഫീൽഡിൽ ഉണ്ടായത്. 45 ആം മിനിറ്റിൽ ക്യൂട്ടീന്യോയുടെ ഗോളിൽ മുന്നിലെത്തിയ ലിവർപൂളിനെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ തന്നെ ആഴ്‌സനൽ ഒപ്പം പിടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ജിറൂഡിലൂടെ ആഴ്‌സനൽ ഒന്നാമതെത്തി. 90 മിനിറ്റിന്റെ ഇഞ്ചുറി ടൈമിൽ ലിവർപൂൾ താരം ബോറിനിക്ക് ചുവപ്പ് കാർഡ് കിട്ടിയതോടെ ആഴ്‌സനൽ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാന കിക്ക് എന്നപോലെ 97ആം മിനിറ്റിൽ പ്രതിരോധ താരം സ്ക്രെട്ടിൽ എടുത്ത ഒരു ലോങ് കിക്ക് റെഡ്‌സിന് ആവേശകരമായ സമനില നൽകി.
മറ്റൊരു ആവേശകരമായ മത്സരമാണ് 2009 ൽ ഉണ്ടായത്. അന്ന് മത്സരം ആവേശകരമായ നാല് ഗോളിന്റെ സമനിലയിലാണ് അവസാനിച്ചത്. ആഴ്‌സനലിന്റെ നാല് ഗോളുകളും നേടി ആർഷവിൻ നടത്തിയ ആഘോഷം എല്ലാം എല്ലാവരും ഓർത്തുവാക്കുന്നതാണ്. മൊത്തം ഏഴ് ഗോളുകൾ പിറന്ന രണ്ടാം പകുതിയാണ് മത്സരത്തിന്റെ ഹൈലൈറ്റ്. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി കയറിയ ആഴ്‌സനാലാണ് പിന്നീട് നാല് ഗോളിന്റെ സമനിലയിൽ കുടുങ്ങിയത്. ലിവർപൂളിന് വേണ്ടി ഫെർണാണ്ടോ ടോറസും, യോസി ബെനയോണും ഇരട്ട ഗോളുകൾ നേടി. ആവേശകരമായിരുന്ന ഈ മത്സരം ആരും മറക്കാൻ സാധ്യത ഇല്ല.
1989 ലെ ലീഗ് മത്സരം ആഴ്‌സനൽ ലിവർപൂളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്പിച്ചിരുന്നു. എന്നാൽ വിജയത്തിലേക്ക് നയിച്ച സാഹചര്യമാണ് ഇതിൽ ഏറ്റവും വലിയ പ്രത്യേകത. ലീഗിലെ അവസാന മത്സരം. ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്തും ആഴ്‌സനൽ രണ്ടാം സ്ഥാനത്തും. ആഴ്‌സനലിന് ലീഗ് ഉയർത്താൻ ലിവർപൂളിനെ പരാജയപ്പെടുത്തണം. പരാജയപ്പെടുത്തിയാൽ മാത്രം പോര ചുരുങ്ങിയത് രണ്ട് ഗോളിന്റെ വ്യത്യാസം വേണം. ആൻഫീൽഡിൽ ആണ് മത്സരം. എല്ലാം കൊണ്ടും ആഴ്‌സനലിന് എതിരാണെന്ന് കരുതിയ മത്സരം ഗണ്ണേഴ്‌സ് വിജയിക്കുകയായിരുന്നു. കളി തീരാൻ വെറും സെക്കന്റുകൾ മാത്രം അവശേഷിക്കെ മൈക്കൽ തോമസ് നേടിയ ഗോളിലാണ് ആഴ്‌സനൽ കിരീടം ഉയർത്തുന്നത്.
ഇത്രയധികം സംഭവബഹുലാമായിരുന്നു ഓരോ ലിവർപൂൾ ആഴ്സനൽ പോരാട്ടങ്ങൾ. ഇന്നും ഇതുപോലെ തന്നെയുള്ള മത്സരമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
Discussion about this post