വിവാദ ഫ്രീകിക്ക് ഗോളിൽ പ്രതിഷേധിച്ച് ബംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ട കേരളാ ബ്ലാസ്സ്റ്റേഴ്സിനെതിരെ നടപടി. വാക്ക്ഔട്ട് നടത്തിയതിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ബ്ലാസ്റ്റേഴ്സിന് 4 കോടി രൂപ പിഴശിക്ഷ വിധിച്ചു. മൈതാനത്തെ മോശം പെരുമാറ്റത്തിന്റെ പേരിൽ കേരള ബ്ലാസ്റ്റേഴ്സ് പരസ്യ ക്ഷമാപണം നടത്തുകയും വേണം. ക്ഷമാപണം നടത്താൻ തയ്യാറായില്ലെങ്കിൽ 6 കോടി രൂപ പിഴയടയ്ക്കേണ്ടി വരും. എഐഎഫ്എഫ് അച്ചടക്ക സമിതിയാണ് നടപടി നിർദ്ദേശിച്ചിരിക്കുന്നത്.
മത്സരം പൂർത്തിയാക്കാൻ നിൽക്കാതെ മൈതാനത്ത് നിന്ന് കളിക്കാരെ തിരിച്ചു വിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കമനോവിച്ചും നടപടി നേരിടണം. ബ്ലാസ്റ്റേഴ്സിന്റെ ആശാന് 10 മത്സരങ്ങളിൽ വിലക്കും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. വുക്കമനോവിച്ചും പരസ്യമായി മാപ്പു പറയണം. ഇതിന് തയ്യാറായില്ലെങ്കിൽ പിഴ ശിക്ഷ 10 ലക്ഷമാകും. കോച്ചിന് ടീമിന്റെ ഡ്രസിങ് റൂമിൽ വരെ പ്രവേശന വിലക്ക്
ഉണ്ടാകും. ബ്ലാസ്റ്റേഴ്സിനോട് 10 ദിവസത്തിനകം പിഴ അടയ്ക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. വിധിക്കെതിരെ അപ്പീൽ നൽകാം.
കഴിഞ്ഞ മാസം മൂന്നിന് ബംഗളൂരുവിൽ അരങ്ങേറിയ ഐഎസ്എൽ പ്ലേ ഓഫ് മത്സരമാണ് വിവാദത്തിന് വഴിവെച്ചത്.
നോക്കൗട്ട് മത്സരത്തിന്റെ എക്സ്ട്രാ ടൈമിലാണ് സുനിൽ ഛേത്രി ബെംഗളൂരു എഫ്സിക്കായി ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറാകും മുൻപാണ് കിക്കെടുത്തതെന്ന് താരങ്ങൾ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റൽ ജോൺ അത് അംഗീകരിച്ചില്ല. തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കമനോവിച്ച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു. ഇന്ത്യൻ സൂപ്പര് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിടുന്നത്.
Discussion about this post