1994 അമേരിക്ക ലോകകപ്പ് മുതലാണ് കാൽപ്പന്ത് കളിയോടുള്ള തീവ്രപ്രണയം മൊട്ടിട്ടു തുടങ്ങുന്നത്. കടുത്ത ബ്രസീൽ ആരാധകനായ അച്ഛന്റെ കൂടെ ഇരുന്ന് ടീവിയിൽ ഒട്ടുമിക്ക കളികളും കണ്ടു. തകർത്തു പെയ്യുന്ന ഇടവപ്പാതി മഴയ്ക്കൊപ്പം ബാജിയോയും റൊമാരിയോയും സ്റ്റോയ്ക്കോവും പതിയെ മനസ്സിൽ കയറി തുടങ്ങി. ഇവരിൽ റോബർട്ടോ ബാജിയോ എന്ന വെള്ളാരം കണ്ണുള്ള കുതിരവാലൻ തലമുടിക്കാരനോട് ആയിരുന്നു ഇഷ്ടക്കൂടുതൽ.
ശരാശരി നിലവാരം പുലർത്തിയ ഒരു ടീമിനെ ഒറ്റയ്ക്ക് ഫൈനൽ വരെ നയിച്ച ആ പ്ലേ മേക്കറുടെ ഓരോ കാൽവയ്പ്പും നവ ഫുട്ബോൾ ആരാധകൻ എന്ന നിലയ്ക്ക് വേറിട്ട അനുഭവമായി. കാനറികൾക്കെതിരായ കലാശ പോരാട്ടത്തിൽ കപ്പിനും ചുണ്ടിനുമിടയിൽ അസൂറികൾക്കു വിശ്വകിരീടം നഷ്ടപ്പെട്ടപ്പോൾ കരഞ്ഞു പോയി. പരിക്ക് കടിച്ചമർത്തി 120 മിനുട്ടും കളത്തിൽ നിറഞ്ഞാടിയ ബാജിയോയെ തേടിയെത്തിയ പെനൽറ്റി ഷൂട്ട്ഔട്ട് എന്ന ദുർഭൂതം 9 വയസുകാരനായ എന്നെയും ഒരുപാട് കാലം വേട്ടയാടി. വ്യക്തിപരമായ നഷ്ടം പോലെയായിരുന്നു ഇറ്റലിയുടെ ഫൈനലിലെ തോൽവി.
ഒരു നിമിഷം കൊണ്ട് നായകനിൽ നിന്ന് ദുരന്ത നായകനായി പരിണമിച്ച ബാജിയോയുടെ മുഖഭാവം ഇപ്പോഴും ഓർമയിൽ ഭദ്രമാണ്. സെൽഫ് ഗോൾ ജീവന് കവർന്നെടുത്ത കൊളമ്പിയൻ താരം ആന്ദ്രേ എസ്കോബാറിന്റെ ദുരന്ത സ്മരണകൾക്കൊപ്പം എല്ലാ ഫുട്ബോൾ പ്രേമികളെയും കണ്ണീരണിയിക്കുന്നതായി കളിക്കളത്തിൽ തലകുനിച്ചു നിൽക്കുന്ന ബാജിയോയുടെ നിരാശയും.
ഒറ്റ പിഴവിൽ എല്ലാം നഷ്ടമാകുന്ന സൂപ്പർ താരങ്ങളുടെ പ്രതീകമാണ് ഇന്നും ബാജിയോ. ഫുട്ബോൾ എന്ന മനോഹാരിതയെ വേറിട്ടു നിർത്തുന്നതും ഇത്തരം ദുരന്ത നായകർ ഉൾപ്പെടെയാണ്. അന്ന് ഗോൾ അടിച്ച് ബ്രസീലിന് കപ്പ് സമ്മാനിച്ച റൊമാരിയോയെക്കാൾ ഒരുപക്ഷേ ഫുട്ബോൾ പ്രേമികൾ ഇന്ന് ഓർക്കുന്നത് ബാജിയോയെ തന്നെയാകും….
Discussion about this post